
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യകളുടെ പ്രാധാന്യം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവയുടെ ധാർമികവും സുരക്ഷിതവുമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നയം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്ര പ്രസാധകരായ സ്പ്രിംഗർ നേച്ചറിന്റെ ജേണലായ ഡിസ്കവർ എഡ്യൂക്കേഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിൽ പറയുന്നു.
കേരള, കാലിക്കറ്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തുടങ്ങിയ സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ AI ഉപകരണങ്ങളുടെ ഉപയോഗത്തിന് വ്യക്തമായ നയരൂപരേഖ ഉറപ്പാകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയത്.
കുസാറ്റിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. എസ്. എൻ. അർച്ചനയുടെ നേതൃത്വത്തിൽ, അസിസ്റ്റന്റ് ലൈബ്രേറിയൻ പി. കെ. പദ്മകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിമിത അബൂബക്കർ, കേരള സർവകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. വി. ആർ. രഞ്ജിത്, കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി. ഷാജിത എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
വിദ്യാർത്ഥികൾ പഠനം, ആശയഗ്രഹണം, അക്കാദമിക് രചന, ഗവേഷണ പ്രസിദ്ധീകരണങ്ങൾ തയാറാക്കൽ, രചനാ ചോരണം തടയൽ, പ്രബന്ധ സംഗ്രഹം, ഗവേഷണ അവതരണം, പ്രോഗ്രാമിങ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി എ.ഐ. ഉപകരണങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി.
മിക്ക രാജ്യങ്ങളിലും സ്ത്രീകളിൽ എ.ഐ. ഉപകരണങ്ങളുടെ ഉപയോഗം താരതമ്യേന കുറഞ്ഞതായിട്ടുള്ളപ്പോഴും, കേരളത്തിൽ അത് ലിംഗഭേദമന്യേ സമാനമായതാണെന്ന് പഠനം വ്യക്തമാക്കുന്നു. ഉയർന്ന സ്ത്രീസാക്ഷരതയും സാമൂഹിക-സാംസ്കാരിക പുരോഗതിയും ഇതിന് കാരണമാണെന്നും ഗവേഷകർ നിരീക്ഷിക്കുന്നു. അതേസമയം, വിശ്വാസ്യത, ധാർമികത , ഡാറ്റാ സുരക്ഷ, സ്വകാര്യത, അക്കാദമിക് സത്യസന്ധത തുടങ്ങിയ വിഷയങ്ങളിലുള്ള ആശങ്കകൾ മൂലം ചില വിദ്യാർത്ഥികൾ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിയുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർമിത ബുദ്ധി ഉപകരണങ്ങളുടെ നൈതിക ഉപയോഗം ഉറപ്പാക്കുന്ന വ്യക്തമായ നയം, പ്രീമിയം പതിപ്പുകളുടെ ലഭ്യത, കൂടാതെ ശാസ്ത്രീയ പരിശീലനം എന്നിവ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പഠനസംഘം നിർദേശിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9388412995 എന്ന നമ്പറിൽ ബന്ധപെടുക.







